ദില്ലി: ഇന്ത്യൻ എയർഫോഴ്സ് ദിനത്തിൽ തിളങ്ങി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ വ്യോമസേനക്ക് സമ്മാനിച്ച ഡകോട്ട വിമാനം. വിന്റേജ് ഡകോട്ട DC3 VP905, ശനിയാഴ്ച ചണ്ഡീഗഡിൽ നടന്ന 90-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിനാഘോഷത്തിലാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം നടത്തിയത്. തന്റെ പിതാവും മുൻ എയർ കമ്മഡോറുമായ എം കെ ചന്ദ്രശേഖറിനുവേണ്ടിയാണ് 2018 മെയില്‍ മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എയർഫോഴ്‌സിന് ഡകോട്ട സമ്മാനിച്ചത്.
ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ പ്രധാന വിമാനമാണ് ഡകോട്ട. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെ 1947-48 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഡക്കോട്ട നിർണായക പങ്ക് വഹിച്ചു. 1947ൽ കശ്മീരിൽ ഗോത്രവർഗ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് നഗരത്തെയും വിമാനത്താവളത്തെയും രക്ഷിക്കാൻ ശ്രീനഗറിലേക്ക് സായുധ സേനയെ എത്തിച്ചത് ഈ വിമാനത്തിലായിരുന്നു. 1947 ഒക്‌ടോബർ 27-ന് സൈനികരുമായി മൂന്ന് ഡക്കോട്ട വിമാനങ്ങൾ ശ്രീനഗറിൽ ലാൻഡ് ചെയ്തു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിലും ബംഗ്ലാദേശ് വ്യോമസേനയുടെ രൂപീകരണത്തിലും ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിലും വിമാനത്തെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചു. ഈ വിമാനം രാജ്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ച് 80 വർഷം പഴക്കമുള്ള ഒരു ഡക്കോട്ട വിമാനം 2011 ലഭിച്ചു. ബ്രിട്ടനിലെത്തിച്ച വിമാനം ‘പരശുരാമ’ എന്ന് പുനർനാമകരണം ചെയ്താണ് ഇന്ത്യയിലെത്തിച്ചത്. ചന്ദ്രശേഖറിന്റെ ഇന്ത്യൻ എയർഫോഴ്‌സിനുള്ള ആദരവും അദ്ദേഹത്തിന്റെ പിതാവ് റിട്ടയേർഡ് എയർ കമ്മഡോർ എം.കെ ചന്ദ്രശേഖറിനോടുള്ള ആദരവുമായിട്ടാണ് വിമാനം എയർഫോഴ്സിന് കൈമാറിയത്.