തൃക്കരിപ്പൂർ: ”ട്രെയിൻ കുതിച്ചുവരുന്നത് അയാൾ കേൾക്കുന്നില്ല എന്ന് തോന്നി, ഉടനെ ഓടിപ്പോയി പാളത്തിൽ നിന്ന് അയാളെ ചേർത്തുപിടിച്ച് ഓടി, അന്നേരം ചെയ്യേണ്ടിയിരുന്നത് ചെയ്തു” – കേൾവി കുറവായ ലോട്ടറി വിൽപനക്കാരനെ അപകടത്തിൽനിന്ന് രക്ഷിച്ച വിമുക്ത ഭടൻ കൂടിയായ ഹോം ഗാർഡ് ഇ. രാജൻ പറയുന്നു. സംഭവം ഓർക്കുമ്പോൾ രാജന് ഇപ്പോഴും ഉൾക്കിടിലമാണ്.
ബീരിച്ചേരി ഗേറ്റ് പരിസരത്ത് ഡ്യൂട്ടിയിൽ ഇരിക്കെയാണ് ആളുകൾ വിളിച്ചു കൂവുന്നത് കേട്ടത്. അടച്ച ഗേറ്റിലൂടെ ഒരാൾ പാളം മുറിച്ചുകടക്കുന്നു. ഇന്‍റർസിറ്റി എക്സ്പ്രസ് വളരെ അടുത്തെത്തി. ആളുകൾ വിളിച്ചുകൂവിയിട്ടും മുന്നോട്ടുതന്നെ ആൾ നടന്നു. കേൾവി കുറവായ ലോട്ടറി വിൽപനക്കാരൻ ട്രെയിനിന്‍റെ ശബ്ദം കേട്ടതേയില്ല.
ഒരുവശത്തേക്ക് പാളി നോക്കി പാളം മുറിച്ചുകടക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഹോംഗാർഡ് രാജൻ റോഡിൽനിന്ന് ഗേറ്റ് ചാടിക്കടന്ന് പാളത്തിലെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ചന്തേര പോലീസ് സ്റ്റേഷനിൽ ഹോംഗാർഡ് ആണ് രാജൻ. 1999 -ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. തൃക്കരിപ്പൂർ തങ്കയം ചെറുകാനം സ്വദേശിയാണ്. സംഭവമറിഞ്ഞ് രാജന് അഭിനന്ദന പ്രവാഹമാണ്.