കൊല്ലം: തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സ്ത്രീധന പീഡന നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. വെള്ളിയാഴ്ച അർധരാത്രിയാണ് കൊട്ടിയം തഴുത്തല പി.കെ ജങ്ഷൻ ശ്രീനിലയത്തിൽ ഡി.വി. അതുല്യക്കും മകനും ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളിൽനിന്ന് വന്ന മകനെ വിളിക്കാനായി യുവതി വീടിനു പുറത്തിറങ്ങിയപ്പോൾ ഗേറ്റ് പൂട്ടുകയായിരുന്നു.രാത്രി 11.30 വരെ ഗേറ്റിന് പുറത്തു നിന്ന ഇവർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതിൽ കടന്ന് സിറ്റൗട്ടിലെത്തി. രാത്രി മുഴുവൻ സിറ്റൗട്ടിലാണ് ഇരുവരും കഴിച്ചുകൂട്ടിയത്. സ്ത്രീധനം കൂടുതൽ ചോദിച്ചും കാർ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.17 മണിക്കൂറാണ് യുവതി കുഞ്ഞുമായി വീടിന് പുറത്ത് നിന്നത്. സംഭവത്തിൽ പൊലീസ് ഇടപെടുകയും ഭർതൃമാതാവിനെ ബന്ധുവീട്ടിൽ താമസിപ്പിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു.