വാഷിങ്ടൺ: സാങ്കേതിക, സൈനിക മേഖലകളിൽ ചൈന നടത്തിയേക്കാവുന്ന മുന്നേറ്റങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് കമ്പനികൾക്ക് അത്യാധുനിക സെമികണ്ടക്ടർ ചിപ്പ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനാണ് ഏറ്റവുമൊടുവിലെ വിലക്ക്.
കെ.എൽ.എ കോർപ്, ലാം റിസർച് കോർപ്, അൈപ്ലഡ് മെറ്റീരിയൽസ് തുടങ്ങിയ ഉപകരണ നിർമാണക്കമ്പനികൾക്കാണ് നിർദേശം. ചിപ്പുകൾ കൈമാറുകയോ ചിപ്പ് നിർമാണത്തിന് വേണ്ട വസ്തുക്കൾ നൽകുകയോ ചെയ്യുന്നതിന് വിലക്ക് വീഴുന്നത് ചൈനക്ക് തിരിച്ചടിയാകും. നിർമാണം ചൈനയിലാണെങ്കിലും ഇവയുടെ സാങ്കേതികതയിൽ ഇപ്പോഴും യു.എസിനാണ് മേൽക്കൈ. നിയന്ത്രണം വരുന്നത് ചൈനയെ പിറകോട്ടു നയിക്കുമെന്ന് യു.എസ് കണക്കുകൂട്ടുന്നു.
ചൈനീസ് കമ്പനിയായ വാവേയ്ക്ക് ചിപ്പുകൾ കൈമാറുന്നതിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. മുൻനിര ചൈനീസ് ചിപ്പ് നിർമാതാക്കളായ വൈ.എം.ടി.സിയെയും മറ്റു 30 കമ്പനികളെയും യു.എസ് പരിശോധന സാധ്യമാകാത്തവയുടെ പട്ടികയിൽ പെടുത്തിയിരുന്നു. 60 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക്കുമേൽ ഉപരോധമടക്കം കടുത്ത നടപടികൾ വരും.