ഭിന്ദ് (മധ്യപ്രദേശ്) : ഗുരുതരമായി എല്ലിന് പരിക്കേറ്റയാളുടെ കാല് പ്ലാസ്റ്ററോ ബാന്റേജോ ഇടുന്നതിന് പകരം ആശുപത്രി അധികൃതർ ഉപയോഗിക്കുന്നത് കാർഡ് ബോർഡ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് അതിഗുരുതരമായ അനാസ്ഥ നടന്നിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കാർഡ്ബോർഡ് ഉപയോഗിച്ച് പരിക്കേറ്റയാളുടെ കാല് കെട്ടുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ ആളെ ഭിന്ദ് ജില്ലയിലെ റോൺ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു. ഇയാളുടെ ഒടിഞ്ഞ കാലിന് ചികിത്സിക്കാൻ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ താത്കാലിക ബാൻഡേജായി ഉപയോഗിച്ചത് കാർഡ്ബോർഡ് ആയിരുന്നു. തുടർന്ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഇയാളുടെ ഡ്രസ്സിംഗ് മാറ്റാൻ തുടങ്ങിയപ്പോൾ ഇയാളുടെ കാലിൽ കാർഡ്ബോർഡ് കെട്ടിയിരിക്കുന്നതാണ് കാണുന്നത്. ഒടിഞ്ഞ കൈകാലുകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസ് ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്തതിനാലാണ് ഡോക്ടർമാർ കാർഡ്ബോർഡ് ഉപയോഗിച്ചതെന്ന് ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
“കാർഡ്ബോർഡ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം ഒടിഞ്ഞ കാലിന് താങ്ങ് നൽകുകയും ആദ്യം രക്തസ്രാവം നിർത്തുകയും ചെയ്യുക എന്നതായിരുന്നു ജീവനക്കാരുടെ പ്രധാന ഉദ്ദേശം. പരിക്കിന്റെ തീവ്രത കാരണം രോഗിയെ കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു,” അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ, മൊറേന ജില്ലയിലെ ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ ഒരു സ്ത്രീയുടെ തലയിലെ മുറിവ് ചികിത്സിക്കാൻ കോണ്ടം റാപ്പർ ഉപയോഗിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.