കണ്ണൂർ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇഷ്ടപ്പെട്ടവർക്കു വേണ്ടി നേതാക്കൾ വോട്ടു പിടിക്കുന്നതു തെറ്റായി കാണേണ്ടന്നു കെ.സുധാകരൻ. ക്ലബുകളിൽ തിരഞ്ഞെടുപ്പു നടന്നാൽ പോലും വോട്ട് അഭ്യർഥിക്കാറുണ്ട്. പുതുപ്പള്ളിയിൽ തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിനു വോട്ട് ചെയ്യില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോടു ചോദിക്കണം. തരൂർ ഒരു സാഹചര്യത്തിലും കോൺഗ്രസ് വിട്ടു പോവില്ല. അശോക് ഗെലോട്ടിനു രണ്ടു പദവി നൽകാതെ പറഞ്ഞു വിട്ടത് ഹൈക്കമാൻഡിന്റെ കരുത്താണെന്നും കെ.സുധാകരൻ പറഞ്ഞു. ശശി തരൂരും താനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതിനിടെ, വോട്ടർ പട്ടികയിൽ വിലാസമില്ലാത്ത 3,267 പേരുടെ വിവരങ്ങൾ തേടി ശശി തരൂർ രംഗത്തെത്തി. വോട്ടർമാരുടെ വിവരങ്ങൾ അറിയാത്തതു പ്രചാരണത്തിനു തടസമാകുന്നു എന്നാണു തരൂർ പക്ഷത്തിന്റെ വാദം. പിസിസികളിൽനിന്ന് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാമെന്നിരിക്കെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മറുപടി. തരൂർ മുംബൈയിലും ഖർഗെ ശ്രീനഗറിലും പ്രചാരണം തുടരുകയാണ്.