കീവ്∙ സാപൊറീഷ്യയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. നിരവധിപ്പേർക്കു പരുക്കേറ്റു. ധാരാളം കെട്ടിടങ്ങൾ തകർന്നുവെന്നും മന്ത്രാലയം അറിയിച്ചു. സാപൊറീഷ്യയുടെ ഒരുഭാഗം റഷ്യയുടെ കൈവശമാണ്. ആക്രമണം നടന്ന നഗരം നിലവിൽ യുക്രെയ്ന്റെ ഭാഗമാണ്.യുക്രെയ്ന്റെ തെക്കും വടക്ക്–കിഴക്കും പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് സാപൊറീഷ്യയ്ക്കുമേൽ റഷ്യ കടുത്ത ആക്രമണം നടത്തുന്നുണ്ട്. മേഖലയിലെ ആണവ നിലയം ഉൾപ്പെടെ അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യയുടെ കീഴിലാണ്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ 60ൽ അധികം പേർ സാപൊറീഷ്യയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടിഷ് മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു.