പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ രക്ത പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. കാക്കനാട്ടെ ലാബിൽ നിന്നാണ് പരിശോധനഫലം ലഭിക്കുക. അപകടസമയം ജോമോൻ മദ്യമോ മറ്റേതെങ്കിലും ലഹരിപദാർത്ഥമോ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുകയാണ് ഉദ്ദേശം. അപകടം നടന്ന് 22 മണിക്കൂറിന് ശേഷമാണ് രക്തം പരിശോധനക്ക് എടുത്തത്. അതുകൊണ്ട് തന്നെ ഫലം എത്രമാത്രം കൃത്യമായിരിക്കും എന്നതിൽ സംശയമുണ്ട്.
പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വാഹന അപകടത്തിന്റെ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ.
ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ പൊലീസിന് ജോമോന്‍ വിശദീകരണം നല്‍കി,ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങൾ 2010 ലേതെന്ന് ജോമോൻ പോലീസിനോട് പറഞ്ഞു.പൂനെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്. .ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും മൊഴിയിലുണ്ട്..ജോമോൻ്റ മുൻകാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്ക്തമാക്കി.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.
വടക്കഞ്ചേരി അപകടത്തില്‍ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അതിനാലാണ് ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.












