ജയ്പൂർ : രാജസ്ഥാനില്‍ വയോധികയോട് കൊടും ക്രൂരത. വെള്ളിപ്പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍ അറുത്തുമാറ്റി. രാജസ്ഥാനിലെ ജയ്‌പുരിലാണ് നാടിനെ നടുക്കിയ. മീന കോളനിയിലെ താമസക്കാരിയായ നൂറുവയസ്സുള്ള ജമുനാദേവിയുടെ കാസാണ് മോഷ്ടാക്കൾ അറുത്തുമാറ്റിയത്. ഞായറാഴ്ച രാവിലെയാണ് ക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വയോധികയെ ബലമായി പിടിച്ച് വച്ച് കാല്‍ മുറിച്ച ശേഷം വെള്ളിപ്പാദസരം മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജമുനാ ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകൾ ക്ഷേത്രത്തിൽപോയതായിരുന്നു. ഈ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ജമുനാ ദേവിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി. പാദസരം പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വയോധിക ഇത് തടഞ്ഞു. ഇതോടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയോധികയുടെ കാലുകൾ വെട്ടിമാറ്റി പാദസരം കവർന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ജമുനാ ദേവിയുടെ കൊച്ചുമകളാണ് സമീപത്തെ ഓടയ്ക്കരികിൽനിന്ന് പരിക്കേറ്റനിലയിൽ മുത്തശ്ശിയെ ആദ്യം കണ്ടത്. കുട്ടി നിലവിളിച്ച് വിവരം പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിലെ കുളിമുറിയില്‍ ചോര തളം കെട്ടിക്കിടക്കുകയായിരുന്നു. വെട്ടിമാറ്റിയ കാലുകളും ആക്രമണത്തിന് പയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ വയോധികയുടെ കഴുത്തിലടക്കം മുറിവുണ്ട്. ഇവര്‍ ഗുരതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും സംഭവത്തില്‍ കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പെലീസ് സ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.