കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ സ്ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിക്കുമ്പോൾ തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള കേന്ദ്രം തുറക്കുന്നതിന് മഹാരാഷ്ട്ര സർക്കാരുമായി കൈകോർക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ യാത്ര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്) ആരംഭിക്കുന്നതിനായാണ് ടാറ്റ മോട്ടോഴ്സ് മഹാരാഷ്ട്ര സർക്കാരിന്റെ വ്യവസായം, ഊർജം. തൊഴിൽ എന്നീ വകുപ്പുകളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഡിസംബറിൽ മുംബൈയിൽ നടന്ന ഗതാഗതം ലോജിസ്റ്റിക്സ് എന്നീ മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള കോൺഫറൻസിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ ടാറ്റ മോട്ടോഴ്സ് പദ്ധതിയിൽ ഒപ്പുവെച്ചത്.
പ്രതിവർഷം 35,000 വാഹനങ്ങൾ വരെ റീ സൈക്കിൾ ചെയ്യാൻ ശേഷിയുള്ള സെന്ററായിരിക്കും മഹാരാഷ്ട്ര സർക്കാരുമായി ചേർന്ന് ടാറ്റ മോട്ടോഴ്സ് ഒരുക്കുകയെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്ക്രാപ്പേജ് പോളിസി അനുസരിച്ച് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനികൾക്കും അനുമതി നൽകുന്ന നിയമങ്ങളും മറ്റും മഹാരാഷ്ട്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. ഊർജം, തൊഴിൽ തുടങ്ങിയ വകുപ്പുകളും പിന്തുണയും ഉറപ്പാക്കുന്നുണ്ട്. വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കാൻ മുമ്പ് ഗുജറാത്ത് സർക്കാരുമായി ടാറ്റ മോട്ടോഴ്സ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ സർക്കാരിന്റെയും ടാറ്റ മോട്ടോഴ്സിന്റെയും പങ്കാളിത്തത്തോടെ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൊളിക്കൽ നയത്തിന് പിന്തുണ നൽകുന്നതിനായി കൂടുതൽ കമ്പനിയുമായി നിക്ഷേപകരുമായി സർക്കാർ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.