ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു.
തിങ്കളാഴ്‌ച രാവിലെ സൈന്യം സൂം എന്ന നായയെ തീവ്രവാദികൾ താമസിക്കുന്ന വീട്ടിലേക്ക് അയച്ചു. സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണ കശ്മീരിൽ തീവ്രവാദി കണ്ടെത്തുന്നതിനുള്ള സജീവ പ്രവർത്തനങ്ങളുടെ ഭാഗമാണ് സൂമെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച, പതിവുപോലെ, ഭീകരർ ഒളിച്ചിരിക്കുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തിയിരുന്നു. ഓപ്പറേഷനിൽ നായയ്ക്ക് രണ്ട് തവണ വെടിയേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൂം ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് രണ്ട് തവണ വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം യുദ്ധം ചെയ്യുകയും തന്റെ ചുമതല നിർവഹിക്കുകയും ചെയ്തു. രണ്ട് തീവ്രവാദികളാണ് ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്.