കൊച്ചി: തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവു നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡ്, കുസാറ്റ് പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലു൦ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂളില്‍നിന്നും വരുന്ന വഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം.
സഹോദരന്‍ ആകാശ്, ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തെരുവ് നായയുടെ ആക്രമണം നടന്നിരുന്നു. 25 പേർക്കാണ് അക്രമാസക്തനായ നായയുടെ കടിയേറ്റത്. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ടാക്സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവിൽ എത്തിയ ആൾ, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീകൾ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു.