ന്യൂഡൽഹി: സോണിയ ഗാന്ധി തന്നോട് കോൺഗ്രസിനെ നയിക്കാൻ ആവശ്യപ്പെട്ടുവെന്ന് മുതിർന്ന നേതാവും പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയുമായ മല്ലികാർജുൻ ഖാർഗെ. സോണിയ ഗാന്ധി വീട്ടിൽ വിളിച്ചാണ് ആവശ്യം അറിയിച്ചു. താൻ അവരോട് മൂന്ന് പേരുകൾ നിർദേശിക്കാമെന്ന് പറഞ്ഞു. എന്നാൽ, തനിക്ക് പേരുകൾ ആവശ്യമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞതായും മല്ലികാർജുൻ ഖാർഗെ വെളിപ്പെടുത്തി.
എല്ലാവരുമായും കൂടിയാലോചിച്ച് കൂട്ടായ നേതൃത്വത്തിലൂടെ പാർട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിൽ കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാർഗെയുടെ പരാമർശം. ഒക്ടോബർ 17ന് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒക്ടോബർ 19ന് ഫലം പ്രഖ്യാപിക്കും.
മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് മത്സരം. ഗാന്ധി കുടുംബത്തിൽ നിന്നും ഒരാളും മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇരുവരും മത്സരരംഗത്തേക്ക് എത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡ് പിന്തുണക്കുന്ന സ്ഥാനാർഥിയാണ് ഖാർഗെയെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.