തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് കേരള ബാങ്കിന് പിഴയിട്ടു. 48 ലക്ഷം പിഴ അടക്കാനാണ് നിർദേശം. സ്വർണപ്പണയവുമായി ബന്ധപ്പെട്ട ചട്ടം പാലിച്ചില്ല, സഹകരണ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചു എന്നിവയാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. അതേസമയം, കേരള ബാങ്ക് രൂപവത്കരണത്തിനു മുമ്പ് നബാർഡ് കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് പിഴയിട്ടതെന്ന് അധികൃതർ അറിയിച്ചു.
2019 നവംബർ 29നാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ചേർന്ന് കേരള ബാങ്ക് രൂപവത്കരിച്ചത്. അതിനു മുമ്പുള്ള സാമ്പത്തിക വർഷത്തെ പരിശോധനയിലെ ന്യൂനതയിലാണ് നടപടി. റിസർവ് ബാങ്ക് നിയമ പ്രകാരം സഹകരണ ബാങ്കുകൾ അവരുടെ കരുതലും മൂലധനവും ചേർന്ന സ്വന്തം ഫണ്ടിന്റെ രണ്ടു ശതമാനം മാത്രമേ മറ്റു സഹകരണ സ്ഥാപനങ്ങളിൽ ഓഹരി ഇനത്തിൽ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. ഐ.എഫ്.എഫ്.സി.ഒ, പരിയാരം മെഡിക്കൽ കോളജ്, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ ഓഹരി മൂലധനം ഇനത്തിൽ നിക്ഷേപിക്കുന്നതിലെ നിയന്ത്രണം പാലിക്കാതിരുന്നതും രണ്ടു ലക്ഷത്തിനു മേൽ നൽകുന്ന സ്വർണപ്പണയ വായ്പകളിൽ മുതലിലും പലിശയിലും പ്രതിമാസ തിരിച്ചടവ് നടത്താതിരുന്നതുമാണ് പിഴചുമത്താൻ കാരണമെന്ന് ബാങ്ക് വിശദീകരിച്ചു.
ആർ.ബി.ഐ നിയമ പ്രകാരം ബുള്ളറ്റ് പേമെന്റ് ആയി (പലിശയും മുതലും ഒരുമിച്ച് അടക്കുന്ന രീതി) തിരിച്ചടക്കാവുന്ന സ്വർണപ്പണയ വായ്പാ തുക രണ്ടു ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിന് മുകളിൽ നൽകുന്ന സ്വർണപ്പണയ വായ്പകൾക്ക് പ്രതിമാസം മുതലും പലിശയും തിരിച്ചടക്കണം. ഈ മാർഗരേഖ പാലിക്കാത്തതിന് കൂടിയാണ് പിഴ. കേരള ബാങ്ക് രൂപവത്കരണ ശേഷം ഈ ന്യൂനത പൂർണമായി പരിഹരിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.സി.ഒ, പരിയാരം മെഡിക്കൽ കോളജ്, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഓഹരി തിരികെ ലഭിക്കാൻ കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം നിരന്തരം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ സംഘങ്ങൾ നടപടി സ്വീകരിക്കാത്തതും കേരള ബാങ്കിന് ദോഷകരമായെന്ന് അധികൃതർ പറഞ്ഞു.