തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. എംഎൽഎക്ക് എതിരെയുള്ള കേസ് അതീവ ഗൗരവതരമാണ്. സംഭവത്തില്‍ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി നല്‍കിയത്. പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെ എൽദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസിന് നൽകിയതിനെക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുള്ളത്. എംഎൽഎ പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.