കൊച്ചി : എറണാകുളം കാലടി സ്വദേശി റോസിലിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച.ഓഗസ്റ്റ് 18ന് മകള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യക്ഷമായ അന്വേഷണം നടത്തിയില്ല.ഈ കേസില്‍ പ്രതി മുഹമ്മദ് ഷാഫി പിടിക്കപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകത്തിന് അയാള്‍ക്ക് അവസരമുണ്ടാവില്ലായിരുന്നു.
ജൂണ്‍ 8 മുതല്‍ അമ്മ റോസിലിയെ കാണാനില്ലെന്ന് മകള്‍ മഞ്ജു കാലടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതിപെട്ടത്.ആഗസ്റ്റ് 18ന് നല്‍കിയ പരാതി പൊലീസ് പക്ഷെ കാര്യമായി പരിഗണിച്ചില്ല.അന്വേഷണ പുരോഗതി പരാതിക്കാരെ അറിയിച്ചുമില്ല.നാല് മാസത്തിനുശേഷം പത്മയുടെ തിരോധാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റോസിലിയുടെ കൊലപാതകത്തിന്‍റേയും ചുരുളഴിഞ്ഞത്.
റോസിലി കൊല്ലപ്പെട്ടന്ന കാര്യം അന്വേഷണത്തില്‍ കാലടി പൊലീസിന് കണ്ടെത്താനായിരുന്നെങ്കില്‍ പ്രതി മുഹമ്മദ് ഷാഫി പിടിയിലാവുമായിരുന്നു.എങ്കില്‍ പത്മയെന്ന സ്ത്രീയുടെയെങ്കിലും ജീവൻ രക്ഷിക്കാനാവുമായിരുന്നു.എന്നാല്‍ ഫോൺ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതടക്കം റോസിലിയെ കണ്ടെത്താൻ കഴിയാവുന്ന അന്വേഷണമെല്ലാം നടത്തിയെന്നാണ് കാലടി പൊലീസിന്‍റെ വിശദീകരണം.എവിടെ നിന്നും പ്രതി മുഹമ്മദ് ഷാഫിയിലേക്ക് എത്താനുള്ള വിവരം ലഭിച്ചില്ല.അതേസമയം ഫോണിലും നേരിട്ടും പലതവണ പത്മവുമായി മുഹമ്മദ് ഷാഫി ബന്ധപെട്ടിട്ടുണ്ട്.ഈ തെളിവുകളാണ് കടവന്ത്ര പൊലീസിനെ അന്വേഷണത്തില്‍ സഹായിച്ചതെന്നാണ് കാലടി പൊലീസ് പറയുന്നത്.