എറണാകുളം: ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ വ്യക്തമാക്കി.
ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.