മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ രാജ്യത്ത് ആദ്യമായി നിയമം പാസാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാട്ടം നടത്തിയ നരേന്ദ്ര ദബോർക്കറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഇത്. 9 വർഷം മുൻപ് നിയമസഭ നിയമം പാസാക്കിയെങ്കിലും ചട്ടം രൂപീകരിക്കാത്തതിൽ ഇപ്പോഴും ആ നിയമം നടപ്പാവുന്നില്ല. അന്ധവിശ്വാസത്തിനെതിരെ പടപൊരുതിയതിന് ജീവൻ വിലനൽകേണ്ടി വന്നയാളാണ് നരേന്ദ്ര ദബോൽക്കർ. അതുവരെ മടിച്ച് നിന്ന സർക്കാരുകൾ ഒടുവിൽ അദ്ദേഹത്തിന് മരണാനന്തരം നീതി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ നിയമം 2013ൽ മഹാരാഷ്ട്രാ നിയമസഭ പാസാക്കിയത്.
നിയമം തെറ്റെന്ന് പറയുന്ന 13 ഇനങ്ങളുണ്ട്. അമാനുഷിക ശക്തി കിട്ടാനായുള്ള മന്ത്രവാദം, മർദ്ദനം, ആയുധങ്ങൾ കൊണ്ടുള്ള മുറിവേൽപിക്കൽ, മനുഷ്യ വിസർജ്യം കഴിപ്പിക്കൽ അങ്ങനെ ആഭിചാര ക്രിയകൾ. അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിക്കുക. അതിന്റെ പേരിൽ ആളെ കൂട്ടുക. പ്രേതം ഭൂതം എന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുക, പൂജയുടെ ഭാഗമായുള്ള നഗ്നതാ പ്രദർശനം അങ്ങനെ പലത്. മുൻ അനുഭവങ്ങൾ പരിഗണിച്ചാണ് ഇങ്ങനെ ഒരു പട്ടിക തയ്യാറാക്കിയത്. നരബലി കൊലപാതക്കുറ്റമായതിനാൽ കൊലക്കയർ വരെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ തന്നെയുണ്ട്. മറ്റുള്ള കുറ്റങ്ങൾക്ക് ആറ് മാസം മുതൽ പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കും.
നിയമസഭ നിയമം പാസാക്കിയെങ്കിലും കാലമിത്രയായിട്ടും ചട്ടങ്ങൾ രൂപീകരിക്കാ ഒരു സർക്കാരും മുതിർന്നില്ല. മതവിശ്വാസത്തിനെതിരാണ് നിയമമെന്ന വാദം ഉയർത്തി വലിയൊരു വിഭാഗം സമ്മർദ്ദ ശക്തിയായുണ്ട്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജൂണിൽ 9 അംഗം കുടുംബത്തിന്റെ കൂട്ടമരണം മന്ത്രവാദത്തിന്റെ ഭാഗമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൂനെയിലും സത്താരയിലുമെല്ലാം ഏതാനും മാസങ്ങൾക്കിടയിൽ സമാന കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
നിയമസഭ പാസാക്കിയ നിയമത്തിന് ചട്ടം ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദബോൽക്കറിന്റെ കുടുംബവും അദ്ദേഹത്തിന്റെ സംഘടനയായ മഹാരാഷ്ട്രാ അന്ധാ ശ്രദ്ധാ നിർമ്മൂലൻ സമിതിയുടെ കഴിഞ്ഞ മാസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിൽ നിയമം കർശനമായി നടപ്പാക്കാൻ നോഡൽ ഓഫീസർമാർ വേണമെന്ന ആവശ്യത്തിനും സർക്കാർ ചെവി കൊടുക്കുന്നില്ല. അതേസമയം ആഭിചാര കൊലകള്‍ വര്‍ധിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. നിയമം നടപ്പാക്കിയതിന് പിന്നാലെ ദുരാചാര കൊലപാതകള്‍ ഗണ്യമായി കര്‍ണാടകയില്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യകത്മാക്കുന്നത്.
ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്ന് കര്‍ണാടകയിലെ അന്ധവിശ്വാസ നിരോധന നിയമം നിര്‍വചിക്കുന്നു. ആഭിചാര കൊലപാതകള്‍ കൂടിയതോടെ 2017ല്‍ സിദ്ധരാമ്മയ സര്‍ക്കാര്‍ ബില്ലിന് സഭയില്‍ അംഗീകാരം നല്കി. വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തല മൊട്ടയടിക്കൽ, കാതുകുത്ത് വഴിപാടുകള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് നിയമം. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും.നിയമം നടപ്പാക്കിയതോടെ ആഭിചാര കൊലകള്‍ക്ക് ഒപ്പം മടേസ്നാന പോലുള്ള ആചാരങ്ങള്‍ക്കും ഒരുപരിധി വരെ തടയിടാനായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.