കൊച്ചി: ഒരു റോസാപ്പൂവായിരുന്നു ശ്രീദേവിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെ ചിത്രം. മൂന്ന് വർഷത്തോളം നിരന്തരം ചാറ്റ് ചെയ്തിട്ടും ഒരിക്കൽ പോലും ശ്രീദേവിയുടെ ശബ്ദം ഭഗവൽ സിംഗ് കേട്ടിരുന്നില്ല. എന്നിട്ടും അതൊരു സ്ത്രീയാണെന്ന് ഉറപ്പിക്കാൻ ഒരിക്കൽ പോലും അയാളിൽ നിന്ന് ശ്രമമുണ്ടായില്ല. ആ സൗഹൃദം ഭഗവൽ സിംഗിന്റെ മനസിൽ പ്രണയമായി വളർന്നു. ശ്രീദേവിയെ അയാൾ പൂർണമായും വിശ്വസിച്ചു.
ഒടുവിൽ പൊലീസ് ക്ലബിൽ വെച്ച് ശ്രീദേവി റഷീദാണെന്ന് ഡിസിപി വെളിപ്പെടുത്തിയതോടെ ഭഗവൽ സിംഗിന്റെ മനസ് പതറി. ‘തന്നെ വഞ്ചിച്ചല്ലോ…’ എന്നായിരുന്നു ആ വെളിപ്പെടുത്തലിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം. അപ്പോഴേക്കും ശ്രീദേവിയിൽ ഭഗവൽ സിംഗിനുണ്ടായ വിശ്വാസം ഒരായുസിൽ ചെയ്ത് കൂട്ടാവുന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യം ചെയ്ത് കഴിഞ്ഞിരുന്നു.ശ്രീദേവി, ഷാഫിയെന്ന റഷീദാണെന്ന് മനസിലായതോടെ ഭഗവൽ സിംഗും ലൈലയും തകർന്നു പോയെന്നും പിന്നീട് അവർ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചത്.