കുവൈത്ത് സിറ്റി: കുട്ടികളുടെ കളറിങ് പുസ്‍തകത്തിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മെഴുക് രൂപത്തിലുള്ള കഞ്ചാവാണ് കുട്ടികളുടെ കളറിങ് പുസ്‍തകങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. അഞ്ച് പാക്കറ്റുകളിലായി 200 ഗ്രാം കഞ്ചാവ് ഇങ്ങനെ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരു യൂറോപ്യന്‍ രാജ്യത്തു നിന്നാണ് കഞ്ചാവ് പൊതികള്‍ അടങ്ങിയ കളറിങ് പുസ്‍തകം കുവൈത്തിലേക്ക് കൊണ്ടുവന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുവൈത്ത് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പുസ്‍തകങ്ങള്‍ക്കുള്ളില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. ഇത്തരം നിയമവിരുദ്ധ സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് കസ്റ്റംസ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.