തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം ആക്കുളം കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആക്കുളം പാലത്തില്‍ നിന്നുമാണ് യുവതി കായലില്‍ ചാടിയത്. യുവതി കായലില്‍ ചാടുന്നത് കണ്ട വേളി ബോട്ട് ക്ലബിലെ ജീവനക്കാരും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ രണ്ടാമതും കായലിലേക്ക് എടുത്ത് ചാടി. തുടര്‍ന്ന് ഇവരെ രണ്ടാമതും രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.
യുവതി കായലില്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആദ്യം വിജയിച്ചില്ല. തുടര്‍ന്ന് വേളി ബോട്ട് ക്ലബ് ജീവനക്കാര്‍ സ്പീഡ് ബോട്ടിലെത്തി യുവതിക്ക് പിടിച്ച് കയറാനുള്ള ടൂബും കയറും എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ പിടിച്ച് കയറാന്‍ യുവതി തയ്യാറായില്ല. മാത്രമല്ല, ഇതിനിടെ ഇവര്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ ബോട്ട് ജീവനക്കാരന്‍ കായലില്‍ ചാടി നീന്തിച്ചെന്ന് യുവതിയെ ബോട്ടിലേക്ക് ബലമായി പിടിച്ച് കയറ്റി കയ്ക്കെത്തിക്കുകയായിരുന്നു. എന്നാല്‍, കരയിലെത്തിയ ശേഷവും ഇവര്‍ വീണ്ടും കായിലേക്ക് തന്നെ ചാടി. ഈ സമയമായപ്പോഴേക്കും സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് യുവതിയെ രണ്ടാമതും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു.