മലപ്പുറം: തിരൂരിൽ പെൺകുട്ടിയുമായുള്ള പ്രണയം വിലക്കിയെന്നാരോപിച്ച് മദ്‌റസ അധ്യാപകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. കൂട്ടായി വാടിക്കൽ സ്വദേശികളായ ചക്കപ്പന്റെ പുരക്കൽ മുബാറക്ക്(26), അസനാർ പുരക്കൽ ഇസ്മായിൽ(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വെച്ച് പ്രതികൾ മദ്‌റസാ അധ്യാപകനായ ഹാരിസ് ഫാളിലിയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തലയ്ക്കു പിറകിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. കാട്ടിലെ പള്ളി ഇമാം ഹുസൈൻ വഹബിക്ക് നേരെയും നേരത്തേ വധശ്രമം നടന്നിരുന്നു. അതിന് തുടർച്ചയായാണ് ഈ അക്രമം. പെൺകുട്ടിയുമായുള്ള പ്രണയം വിലക്കിയെന്നാരോപിച്ചാണ് യുവാക്കൾ മർദിച്ചത്.
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയത്. നേരത്തെ പിതാവുമായി വന്ന് അധ്യാപകനോട് ഈ വിഷയങ്ങൾ സംസാരിക്കുകയും യുവാവിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ യുവാവ് ലഹരിക്കടിമയാണെന്ന് അറിയുകയും ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.
എന്നാൽ മദ്‌റസാ അധ്യാപകനും പള്ളിയിലെ സഹായിയും കൂടിയാണ് പ്രണയം തകർത്തത് എന്നാരോപിച്ചായിരുന്നു മർദനം. തിരൂർ ഇൻസ്പെക്ടർ ജിജോ എം ജെ, എസ് ഐ ജിഷിൽ വി, സീനിയർ സി പി ഒ ഷിജിത്ത്, സി പി ഓമാരായ അക്ബർ, അരുൺ, വിജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.