ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്ക്, പാർട്ടി വൃത്തങ്ങളിൽനിന്ന് എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖർഗെയ്ക്കു ലഭിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് ശശി തരൂർ. തിരഞ്ഞെടുപ്പ് പ്രചാരണാർഥം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ, അവിടങ്ങളിലെ പാർട്ടി അധ്യക്ഷൻമാർ നേരിൽ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, തനിക്കും ഖർഗെയ്‌ക്കും രണ്ടു തരത്തിലുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന തരൂരിന്റെ കുറ്റപ്പെടുത്തൽ
‘‘പല സംസ്ഥാനങ്ങളിലും മല്ലികാർജുൻ ഖർഗെ പ്രചാരണത്തിനെത്തുമ്പോൾ പിസിസി അധ്യക്ഷൻമാരും കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കളും ചേർന്ന് വലിയ കാര്യത്തോടെ സ്വീകരിക്കുന്നത് കണ്ടു. അവർ അദ്ദേഹത്തൊടൊപ്പം ഇരിക്കുകയും, ഖർഗെയുമായി സംസാരിക്കാനും അദ്ദേഹം വരുമ്പോൾ അവിടെയെത്താനും മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതെല്ലാം ആ ഒരു സ്ഥാനാർഥിയുടെ കാര്യത്തിൽ മാത്രമാണ് നടന്നത്. എന്റെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല’ – തരൂർ ചൂണ്ടിക്കാട്ടി.
‘‘ഞാനും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഓഫിസുകൾ സന്ദർശിച്ചിരുന്നു. അവിടെയൊന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻമാർ ഉണ്ടായിരുന്നില്ല. ഇതൊന്നും പരാതിയായിട്ടല്ല ഞാൻ പറയുന്നത്. പക്ഷേ, എന്നോടും ഖർഗെയോടുമുള്ള സമീപനത്തിലെ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?’ – തരൂർ ചോദിച്ചു.
തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരുടെ അപൂർണമായ പട്ടികയാണ് തനിക്ക് ലഭിച്ചതെന്നും തരൂർ ആരോപിച്ചു. വോട്ടർമാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ പോലും അതിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘‘വോട്ടർമാരുടെ രണ്ടു പട്ടികയാണ് എനിക്ക് ലഭിച്ചത്. ആദ്യത്തെ പട്ടികയിൽ വോട്ടർമാരുടെ പേരിനൊപ്പം ഫോൺ നമ്പർ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവരെ ബന്ധപ്പെടാനും വോട്ടു തേടാനും കഴിയുക? ഇതെല്ലാം മനഃപൂർവം സംഭവിച്ചതാണെന്നു ഞാൻ പറയുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായതിനാൽ അതിന്റേതായ പ്രശ്നങ്ങളുണ്ട്’ – തരൂർ പറഞ്ഞു.
‘‘മധുസൂദനൻ മിസ്ത്രിയും അദ്ദേഹത്തിന്റെ ടീമും തികച്ചും സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിനെതിരെ ഞാൻ പരാതി പറയുകയല്ല’ – തരൂർ പറഞ്ഞു.
വോട്ടവകാശമുള്ള കോൺഗ്രസ് നേതാക്കളിലേക്ക് എത്താൻ മാധ്യമങ്ങളാണ് തന്നെ സഹായിക്കുന്നതെന്ന് തരൂർ പറഞ്ഞു.
‘‘ചില നേതാക്കൾ വ്യക്തമായ വേർതിരിവ് കാണിക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരെയും ഒരുപോലെയല്ല കാണുന്നതെന്ന് ഞാൻ പറയുന്നതിന്റെ കാരണം അതാണ്. ഖർഗെ പോകുന്നിടത്തെല്ലാം അദ്ദേഹത്തെ പൂച്ചെണ്ടും പൂമാലയും നൽകിയാണ് സ്വീകരിക്കുന്നത്. ഞാൻ പോകുന്നിടത്ത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരാണ് എത്തുന്നത്. പ്രത്യേകം നിർദ്ദേശങ്ങളൊന്നും ലഭിക്കാത്ത ആളുകളാണ് അവർ’ – തരൂർ പറഞ്ഞു.