അബുദാബി: യുഎഇയില്‍ നിലവില്‍ വരാനിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും. റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോണ്‍സര്‍മാര്‍ മുഖേനയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബര്‍ 15നാണ് യുഎഇയില്‍ പുതിയ ഗാര്‍ഹിക നിയമം പ്രാബല്യത്തില്‍ വരിക. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍.
പുതിയ നിയമം അനുസരിച്ച്, മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പണം കൈപ്പറ്റരുത്. 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കരുത്.