പാലക്കാട് : കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും . ഈ ഭാഗത്ത് ട്രെയിനിന്‍റെ വേഗപരിധി 45 കിലോമീറ്റർ ആണ്. ആ വേഗപരിധി ലംഘിച്ചോയെ പരിശോധിക്കും . ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട് . ഇതേത്തുടർന്ന് കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി.
കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ ഏറെ സമയം ഉദ്യോഗസ്ഥർക്ക് അങ്ങോട്ടേക്ക് എത്താൻ ആയിരുന്നില്ല. കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
അതേസമയം വയനാട് ചീരാലിൽ ഇന്നലെ രാത്രി വീണ്ടും കടുവയിറങ്ങി. സ്കൂൾ വിദ്യാർത്ഥികളാണ് കൈലാസം കുന്നിൽ കടുവയെ കണ്ടത്. മേഖലയിൽ 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികൾ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ മേപ്പാടി റെയ്ഞ്ചിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നം വനംവകുപ്പ് വ്യക്തമാക്കി