ബീജിങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍ ഉയര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പേരുകേണ്ട ചൈനയില്‍ അത്യപൂര്‍വമായിമാത്രമേ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ടൊള്ളൂ. സര്‍ക്കാറിനെതിരെ രണ്ട് ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വന്നവയും നീക്കം ചെയ്യപ്പെട്ടതായി അന്താരാഷ്ട്രാമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് രാജ്യത്ത്, ഭരണകൂടത്തിനെതിരെയുള്ള അസംതൃപ്തി വര്‍ദ്ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത രീതിയിലുള്ള ‘സീറോ കൊവിഡ്’ നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു നഗരത്തില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആ നഗരം പൂര്‍ണ്ണമായും ലോക്ഡൗണിലാക്കി കൊണ്ടാണ് ചൈന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നഗരം ലോക്ഡൗണിലേക്ക് നീങ്ങുന്നതോടെ നഗരത്തിന് പുറത്ത് പോയ അന്തേവാസികള്‍ക്ക് പോലും തിരിച്ച നഗരത്തിലേക്ക് കയറാന്‍ പറ്റില്ല. നഗരത്തിലേക്കുള്ള പ്രവേശം കര്‍ശനമാക്കി. അവശ്യ സാധനങ്ങളുടെ വിതരണത്തിലും ഇടവേളയുണ്ടാകുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഇതെല്ലാം ജനങ്ങളില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ടാക്കി. നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പോലും നഗരം മുഴുവനും ക്വാറന്‍റൈനിലാക്കുന്ന സീറോ കൊവിഡ് രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു പാലത്തിന് മുകളില്‍ ഉയര്‍ന്ന ഒരു ബാനര്‍.