റിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിന് ആണെന്ന് സൗദി അറേബ്യ. ‘ഒപെക് പ്ലസ്’ യോഗ തീരുമാനങ്ങൾ അംഗരാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്ത് എടുക്കുന്നതാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.
എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം തികച്ചും സാമ്പത്തികമായ കാര്യമാണ്. ഒപെക് പ്ലസ് രാജ്യങ്ങൾ ഉചിതമായ തീരുമാനമാണ് എടുത്തതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. റിയാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സൈനിക സഹകരണം ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കനുസൃതമായാണ് മുന്നോട്ട് പോകുന്നത്.
മേഖലയുടെ സുസ്ഥിരതക്കും സമാധാനത്തിനും അത് മികച്ച സംഭാവന നൽകുന്നുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം മുൻകാലങ്ങളിലെന്ന പോലെ ഊഷ്മളമായി തുടരും. എണ്ണയുൽപാദനം വെട്ടിക്കുറച്ച നടപടി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല. റഷ്യ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുവിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയുള്ള ചർച്ചക്ക് ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.