ഐഐടി ഖരക്പൂരിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. 23കാരനായ വിദ്യാര്‍ത്ഥി ഫൈസാന്‍ അഹമ്മദിന്‍റെ മൃതദേഹമാണ് ക്യാംപസില്‍ ഇന്ന് കണ്ടെത്തിയത്. അസമിലെ ടിന്‍സൂക്കിയ സ്വദേശിയാണ് ഫൈസാന്‍. അടുത്തിടെയാണ് ഫൈസാന്‍ ഹോസ്റ്റലിലേക്ക് മാറിയതെന്നാണ് ഐഐടി ഖരക്പൂരിലെ അധികൃതര്‍ വിശദമാക്കുന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഫൈസാന്‍. വിദ്യാര്‍ത്ഥിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതായി ഐഐടി അധികൃതര്‍ വ്യക്തമാക്കി. ഫൈസാന്‍റെ മരണത്തില്‍ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വ ശര്‍മ അനുശോചനം അറിയിച്ചു.
ഐഐടി ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസം രണ്ട് വ്യത്യസ്ത ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. സെപ്തംബര്‍ 15 ന് ഐഐടി മദ്രാസില്‍ ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം. എയ്റോ സ്പേസ് ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സെപ്തംബര്‍ 17 ഐഐടി ഗുവാഹത്തിയില്‍ ഒരു വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.
മലയാളിയും ഡിസൈന്‍ വിഭാഗം വിദ്യാര്‍ത്ഥിയുമായ സൂര്യനാരായണ പ്രേം കിഷോറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബറില്‍ ഐഐടിയുടെ ഹൈദരബാദ് ക്യാമ്പസിലും കാന്‍പൂര്‍ ക്യാമ്പസിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.ഈവര്‍ഷം തന്നെ ജൂലൈ മാസത്തില്‍ ഐഐടി മദ്രാസിന്‍റെ ഹോക്കി സ്റ്റേഡിയത്തില്‍ 22 കാരനായ എന്‍ജിനിയറെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഐഐടി മദ്രാസിലെ പ്രൊജക്ട് എന്‍ജിനിയര്‍ ആയിരുന്നു മരിച്ചയാള്‍.