ഈറോഡ്: സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒന്പതാം ക്ലാസുകാരനായ മകന്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. 36 വയസായിരുന്നു. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പതിനാലുകാരനായ മകൻ തിങ്കളാഴ്ച സ്‌കൂളിൽ പോകാൻ തയാറായില്ല. സ്കൂളിലേക്ക് പോകാനായി മകനെ അമ്മ നിര്‍ബന്ധിച്ചു. എന്നാല്‍ മകന്‍ വഴങ്ങാഞ്ഞതോടെ ശാസിച്ചു.
മകന്‍ സ്കൂളില്‍ പോകാത്ത കാര്യം അമ്മ കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന അച്ഛനെയും അറിയിച്ചു. ഇതോടെ മകന് അമ്മയോട് കടുത്ത ദേഷ്യം ആയി. വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ സിമന്റ് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിയെത്തിയ മകളാണു അമ്മയെ സഹോദരന്‍ ആക്രമിച്ചത് ആദ്യം കണ്ടത്. മകള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവതിയെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. കുട്ടിക്കാലം തൊട്ടേ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ പ്രതീക്ഷിക്കാതെ ഒരു ദിവസം ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ അറിയിച്ചു. സംഭവത്തില്‍ സ്കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.