ഖരഗ്പൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ ജീർണിച്ച മൃതദേഹം. ഫൈസാൻ അഹമ്മദ് എന്ന 23 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം. അസമിലെ ടിൻസുകിയയിൽ നിന്നുള്ള വിദ്യാർത്ഥി അടുത്തിയാണ് ഹോസ്റ്റലിലേക്ക് മാറിയതെന്ന് ഐഐടി ഖരഗ്പൂർ അധികൃതർ അറിയിച്ചു.
ഫൈസാന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു: “പ്രശസ്ത ഐഐടി ഖരഗ്പൂരിൽ പഠിക്കുന്ന ടിൻസുകിയയിൽ നിന്നുള്ള മിടുക്കനായ യുവ വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ നിർഭാഗ്യകരമായ മരണത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അനുശോചനം”.
ഐഐടി ഖരഗ്പൂരിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു അഹമ്മദ്. മരണവിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നടന്ന ആത്മഹത്യകൾ ഇന്ത്യയിലെ പ്രമുഖ സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസുകളെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് രണ്ട് ഐഐടി വിദ്യാർത്ഥികളെ രണ്ട് വ്യത്യസ്ത ക്യാമ്പസുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്തംബർ 15 ന് ചെന്നൈയിലെ ഐഐടി മദ്രാസിൽ ബിരുദ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് നാലാം വിദ്യാർത്ഥിയാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. സെപ്തംബർ 17ന് ഗുവാഹത്തി ഐഐടിയിലെ മറ്റൊരു വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള സൂര്യ നാരായൺ പ്രേംകിഷോർ എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഡിസൈൻ ഫാക്കൽറ്റിയിൽ പഠിക്കുകയായിരുന്നു സൂര്യ നാരായൺ.
സെപ്റ്റംബറിൽ തന്നെ ഹൈദരാബാദിലെയും കാൺപൂരിലെയും ഐഐടി കാമ്പസുകളിൽ രണ്ട് ദിവസത്തിനിടെ രണ്ട് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ജൂലൈയിൽ ഐഐടി മദ്രാസ് ഹോക്കി സ്റ്റേഡിയത്തിൽ 22 കാരനായ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. മദ്രാസിലെ ഐഐടിയിൽ പ്രൊജക്ട് എഞ്ചിനീയറായി ജോലിചെയ്യുന്ന ഇയാൾ ജോലിയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന് കുറിപ്പെഴുതി വച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.