തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. വാദത്തിനിടെ എംഎൽഎക്ക് ജാമ്യം നൽകരുതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വാദത്തിന് ബലം നൽകാൻ പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
മുൻകൂ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി വാദിച്ചിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അവർ. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. എംഎൽഎ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല എന്നും എൽദോസിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. അടുത്ത ദിവസമാണ് വൂണ്ട് സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎൽഎ വാദിച്ചു.
അതേസമയം കോവളത്ത് വച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു ഈ സംഭവമെന്നും പരാതിക്കാരി പറഞ്ഞു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ, താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നിൽ ഭാര്യയാണെന്ന് പറഞ്ഞ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിൽ നിന്ന് നാല് ദിവസമായി എംഎൽഎ വിട്ടു നിൽക്കുകയാണ്. നേതാക്കൾക്കോ പ്രവർത്തർകർക്കോ എംഎൽഎ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും അവര്‍ ഇതുവരെയും പൊലീസിന് മുൻപാകെ ഹാജരായി മൊഴി നൽകാൻ തയ്യാറായിട്ടുമില്ല.
ഈ മാസം ഇരുപതിന് മുൻപ് സംഭവത്തിൽ വിശദീകരണം നൽകാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എൽദോസ് എംഎൽഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്ര ഗുരുതരമായൊരു കേസ് ഉയര്‍ന്നു വന്നിട്ടും എംഎൽഎ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തെങ്കിലും വിശദീകരണം നൽകുകയോ നേതാക്കളുമായി ആശയവിനിമയം നടത്തുകയോ ചെയ്യാതെ ഒളിവിൽ പോയതിൽ നേതാക്കൾക്ക് അമര്‍ഷമുണ്ട്. എൽദോസിനെതിരെ നടപടിയെടുക്കാൻ തന്നെയാണ് കെപിസിസിയിലെ നിലവിലെ ധാരണ.