ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡൽഹിയിൽ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ. ജനുവരി രണ്ടാം തീയതി മാത്രം പിഴയിനത്തിൽ ലഭിച്ച തുകയാണിത്. 45 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു. പുതുവത്സര ദിനമായ ജനുവരി ഒന്നിന് 66 കേസുകളാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്തത്. 99 ലക്ഷം രൂപ പിഴയായി ലഭിച്ചതായും അധികൃതർ അറിയിച്ചു. 3,194 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തിനിത്തിനിടെ കോവിഡ് കേസുകളിൽ 17 ശതമാനം വർധനവുണ്ടായതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. മെയ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒമിക്രോൺ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജി.ആർ.എ.പി പ്രകാരം ഡൽഹിയിലെ രോഗവ്യാപന തോത്, പോസിറ്റിവിറ്റി നിരക്ക് എന്നിവ കണക്കിലെടുത്ത് ലെവൽ 1 പ്രകാരം യെല്ലോ അലർട്ട് സോണായി പ്രഖ്യാപിച്ചു. 0.5 ശതമാനത്തിൽ മുകളിൽ പോസിറ്റിവിറ്റി നിരക്ക് വരുന്ന പ്രദേശങ്ങളാണ് യെല്ലോ അലർട്ട് സോണിൽ ഉൾപ്പെടുക. ഇതിൻറെ അടിസ്ഥാനത്തിൽ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സിനിമാ ശാലകൾ ഒറ്റ, ഇരട്ട അടിസ്ഥാനത്തിൽ തുറക്കാൻ അനുമതി നൽകിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.