ലണ്ടൻ: പ്രശസ്ത ഹോളിവുഡ് താരവും ഹാരി പോട്ടർ സിനിമകളിലൂടെ കുട്ടികളുടെ ഹരവുമായ റോബി കോൾട്രയ്ൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെയാണ് റോബി കോൾട്രയ്ൻ അവതരിപ്പിച്ചത്. ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലെ അഭിനയത്തിലൂടെയും ലോക ശ്രദ്ധപിടിച്ചു പറ്റി.
1950 ൽ സ്‌കോട്ട്‌ലൻഡിൽ ജനിച്ച റോബി കോൾട്രെയ്‌നിന്റെ യഥാർഥ പേര് ആന്റണി റോബർട്ട് മക്മില്ലൻ എന്നാണ്. 1980 കളിലാണ് കോൾട്രെയ്‌ൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോൾഡൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലും കോൾട്രെയ്‌ൻ മികവ് തെളിയിച്ചു. ലോകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരും ഏറെ ഇഷ്‌ടപ്പെടുന്ന കഥാപാത്രമാണ് ഹാഗ്രിഡ്. 2006 ൽ അദ്ദേഹത്തിന് ഒബിഇ (ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ) പുരസ്‌കാരം ലഭിച്ചു, 2011-ൽ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്‌ലൻഡ് അവാർഡും ലഭിച്ചു.












