ദില്ലി : പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തെയും വിഭാഗീയതയെയും പ്രവർത്തന രീതിയെയും വിമർശിച്ചും കാലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിച്ചും സിപിഐ കരട് സംഘടനാ റിപ്പോർട്ട്. വിഭാഗീയത വെച്ചു പൊറുപ്പിക്കരുത്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കണമെന്നും അത്തരക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നത്. പല ജില്ലകളിലും മുഴുവൻ സമയം പ്രവർത്തിക്കാൻ പ്രവർത്തകരില്ല. ആ രീതി മാറണം. അതിന് പാർട്ടി പ്രവർത്തന രീതി മാറണം. സംസ്ഥാന – കേന്ദ്ര നേതാക്കളിൽ നിന്നും മാറ്റം തുടങ്ങണമെന്നും കരട് സംഘടന റിപ്പോർട്ടിലുണ്ട്.
കാലാനുസൃതമായ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ കൊണ്ടുവരണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമാകണം. യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ബിജെപി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിലൂടെയാണ് ഗുണമുണ്ടാക്കുന്നത്. കാലാനുസൃതമായ മാറ്റം സിപിഐയിലും ആവശ്യമാണെന്നും സംഘടന റിപ്പോർട്ടിലുണ്ട്.