ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്.
9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും.ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂര്‍ ലഖ്നൗവിലുമായിരിക്കും.
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും, നേതാക്കളും ഖര്‍ഗെയെയാണ് പിന്തുണക്കുന്നത്. രഹസ്യബാലറ്റില്‍ പ്രതീക്ഷ വയ്ക്കുന്ന തരൂരിന് മധ്യപ്രദേശില്‍ മാത്രമാണ് നല്ല സ്വീകരണം കിട്ടിയത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്‍റെ പരാതി നേരത്തെ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു.
ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയിൽ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ലായിരുന്നു. വോട്ടർ പട്ടികയില്‍ വ്യക്തത ആവശ്യപ്പെട്ടായിരുന്നു തരൂരിന്‍റെ ആദ്യ പരാതി. തുടർന്ന് വിശദാംശങ്ങള്‍ സംഘടിപ്പിച്ച് പുതിയ പട്ടിക മിസ്ത്രി കൈമാറി. പുതുക്കി നല്‍കിയ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന അഞ്ഞൂറ് പേരെ മാറ്റി പുതിയ അറുനൂറ് പേരെ ചേര്‍ത്തിരുന്നു.
ഇതേ തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതിയെ തരൂര്‍ പരാതി അറിയിച്ചു. എന്നാല്‍ പട്ടികയിലെ മാറ്റത്തെ കുറിച്ച് വ്യക്തത വരുത്താന്‍ തയ്യാറാകാത്ത സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തരൂരിന്‍റെ പരാതി തള്ളിക്കളഞ്ഞു. ഒരേ പട്ടിക നല്‍കിയിട്ട് ഖാര്‍ഗെക്ക് പരാതിയില്ലല്ലോയെന്ന് ചോദ്യവും തരൂരിന് നേരെയുണ്ടായി.