അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ഒന്‍പത് ദിവസം മിഡ് ടേം അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയായിരിക്കും അവധിയെന്ന് സ്‍കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് സ്‍കൂളുകള്‍ തുറക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് ആകെ ഒന്‍പത് ദിവസം അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
പഠന കാലയളവിനിടയിലെ ഇടവേളയായി ഈ മിഡ് ടേം അവധിയെ കണക്കാക്കുന്നതിനൊപ്പം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ അവസരം ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തി, പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുട്ടികള്‍ക്ക് നിരന്തരം അവധി ലഭിക്കുന്നതില്‍ ചില രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചും രംഗത്തെത്തി. ഈ അക്കാദമിക വര്‍ഷം ഇതുവരെ ആറ് അവധിക്കാലങ്ങളാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്നും ഇടയ്ക്കിടെയുള്ള അവധികള്‍ ഒഴിവാക്കി പകരം അക്കാദമിക വര്‍ഷം നേരത്തെ അവസാനിപ്പിക്കാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ അഭിപ്രായം.