തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ രാഷ്ട്രീയവും, വടക്കന്‍ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കെ.സുധാകരന്‍ ഇംഗ്ലീഷ് പത്രത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം അടക്കമാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടത് എന്നാണ് മന്ത്രി ശിവന്‍കുട്ടി എഴുതിയിരിക്കുന്നത്.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. തെക്കന്‍ കേരളത്തിലെ രാഷ്ട്രീയവും, വടക്കന്‍ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചാണ് അഭിമുഖത്തിലെ ചോദ്യം.
ഇതിന് ചരിത്രപരമായ കാരണമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ സുധാകരന്‍, താന്‍ ഒരു കഥ പറയാം എന്ന് പറയുന്നു. രാവണനെ കൊലപ്പെടുത്തി ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്‍റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളയാന്‍ ചിന്ത വന്നു.
എന്നാല്‍ തൃശ്ശൂരിന് മുകളില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള്‍ രാമന്‍ അനുജന്‍റെ തോളില്‍ പിടിച്ച് പറഞ്ഞു. ഞാന്‍ നിന്‍റെ മനസ് വായിച്ചു. അത്തരം ആലോചന നിന്‍റെ തെറ്റ് അല്ല, അത് നമ്മള്‍ സഞ്ചരിച്ച് വന്ന മണ്ണിന്‍റെ പ്രശ്നമാണ്.- ഈ കഥയാണ് കെ സുധാകരന്‍ ഉദ്ധരിച്ചത്.