ന്യൂഡൽഹി : വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഷാവോമി, ഓപ്പോ എന്നീ ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനികൾക്ക് 1000 കോടി രൂപ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് പുറത്തുവിട്ട വാർത്താകുറിപ്പിൽ കമ്പനികളുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ഈ കമ്പനികൾക്ക് നേരെ തന്നെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നു. ഓപ്പോ, ഷാവോമി എന്നീ കമ്പനികളുടെ സ്ഥാപനങ്ങളിൽ അടുത്തിടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 5000 കോടി രൂപയുടെ വ്യാജ വായ്പയുമായി ബന്ധപ്പെട്ട് ഇരു കമ്പനികൾക്ക് നേരേയും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും അധികൃതർ പിടിച്ചെടുത്തതായാണ് വിവരം.
കമ്പനികളിലൊന്നിന് 300 കോടിയുടെ ടിഡിഎസ് ബാധ്യതയുണ്ട്. റോയൽറ്റിയെന്ന വ്യാജേന വിദേശത്തുള്ള കമ്പനികൾക്ക് വേണ്ടി അവരുടെ പേരിൽ പണമയച്ചിട്ടുണ്ട്. ഇത് 5500 കോടിയിലേറെ രൂപ വരും. നികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് കമ്പനികളും അനുബന്ധ കമ്പനികളുമായുള്ള ഇടപാടുകൾ വെളിപ്പെടുത്തുന്നതിന് 1961 ലെ ആദായനികുതി നിയമം അനുസരിച്ച് നിർദ്ദേശിച്ചിട്ടുള്ള ഉത്തരവുകൾ പാലിച്ചിട്ടില്ല. ഇത്തരം വീഴ്ചകൾ 1964 ലെ ആദായനികുതി നിയമം അനുസരിച്ച് 1000 കോടിയിലേറെ രൂപ പിഴ ശിക്ഷാ നടപടികൾക്ക് വിധേയമാണ്- പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 21 നാണ് ഡൽഹി, കർണാടക, തമിഴ്നാട്, അസം, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.