ബെംഗളുരു: കോൺഗ്രസ് പാർട്ടി അതിന്‍റെ സുപ്രധാനമായൊരു ദിനത്തിലേക്ക് കടക്കുകയാണ്. 24 വർഷങ്ങൾക്ക് ശേഷം അധ്യക്ഷ തെരഞ്ഞെടുപ്പിന് പാർട്ടി സർവ്വ സജ്ജമായിക്കഴിഞ്ഞു. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നേർക്കുനേർ പോരാട്ടത്തിൽ വിജയം സ്വപ്നം കാണുകയാണ്. അതിനിടയിലാണ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി എവിടെ വോട്ട് ചെയ്യുമെന്ന ചോദ്യം പ്രവർത്തകരുടെ ഇടയിൽ നിന്നടക്കം ഉയർന്നുവന്നത്. സാധാരണ ഗതിയിൽ ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്താകും രാഹുൽ ഉണ്ടാകുക. എന്നാൽ ഇപ്പോൾ ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ് രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ എവിടിയാകും രാഹുല് വോട്ട് ചെയ്യുക എന്നറിയാൻ പ്രവർത്തകർക്കും കൗതുകം തോന്നുക.
ഇക്കാര്യത്തിൽ കോൺഗ്രസ് ഉന്നത നേതാക്കൾ തന്നെ വ്യക്തത വരുത്തി രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിലാണ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ ഉള്ളത്. യാത്ര ആവേശകരമായി തുടരുന്ന സാഹചര്യത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മാറിനിൽക്കേണ്ട സാഹചര്യമില്ല. രാഹുലിന് കർണാടകയിൽ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം യാത്ര തുടരാനാകും. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്കെല്ലാം കൂടി കർണാടകയിൽ ഒരു ബൂത്ത് ഒരുക്കിയിട്ടുണ്ടെന്ന് പാർട്ടി വക്താവ് ജയ്റാം രമേശ് തന്നെ അറിയിച്ചിട്ടുണ്ട്.
കർണാടകയിലെ ബല്ലാരി ജില്ലയിലാണ് ഭാരത് ജോഡോ യാത്രയുള്ളത്. അതുകൊണ്ടുതന്നെ ബെല്ലാരിയിലാകും വോട്ടിംഗ് കേന്ദ്രം സജ്ജമാക്കുക. രാഹുലിനൊപ്പം പി സി സി പ്രതിനിധികളടക്കമുള്ളവരും വോട്ട് രേഖപ്പെടുത്തും. ബല്ലാരിയിലെ സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്ര ക്യാമ്പ്‌സൈറ്റിലാകും ഇവരെല്ലാം വോട്ട് ചെയ്യുകയെന്നും ജയറാം രമേശ് വ്യക്തമാക്കി. ഇക്കാര്യത്തിൽ അനാവശ്യ ഊഹാപോഹങ്ങൾ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രചാരണം ഇന്ന് അവസാനിക്കും. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ശശി തരൂരും വിവിധ സംസ്ഥാനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചിരുന്നു. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എ ഐ സി സികളിലും പി സി സികളിലുമായി 67 ബൂത്തുകളാകും ഉണ്ടാകുക. എ ഐ സി സി, പി സി സി അംഗങ്ങളായ 9,308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. ബുധനാഴ്ചയാണ് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുക.