ദില്ലി: അനിമേഷൻ വീഡിയോകളിലൂടെ പരസ്പരം പോരടിച്ച് ബിജെപിയും കോൺഗ്രസും. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഒരു വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ആദ്യം ഷെയർ ചെയ്തത്. ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോയുമായി കോൺഗ്രസും രംഗത്തെത്തി.
എന്തുകൊണ്ട് ഈ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല? ഖതം, ടാറ്റാ, ഗുഡ്ബൈ…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുലിനെതിരായ വീഡിയോ ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോയതും ഗുലാം നബി ആസാദ് പുതിയ പാർട്ടിയുണ്ടാക്കിയതും രാജസ്ഥാനിലെ പ്രതിസന്ധിയും എല്ലാം വീഡിയോയിലുണ്ട്. എല്ലാവരും പോയതോടെ തനിച്ചായ രാഹുൽ സോണിയാ ഗാന്ധിയെ വിളിച്ച് കരയുന്നതും സോണിയ വന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. 2.04 മിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ നിരവധി ബിജെപി നേതാക്കൾ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
मम्मी ये दुःख खतम काहे नहीं होता है?
खतम…टाटा…गुडबाय! pic.twitter.com/J4tFqQgPOQ
— BJP (@BJP4India) October 16, 2022
ഇതിന് മറുപടിയെന്ന രീതിയിലാണ് കോൺഗ്രസ് ട്വിറ്ററിലൂടെ അനിമേഷൻ വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരിഹാസമാണ് വീഡിയോയിലുള്ളത്. രാജ്യത്തെ തൊഴിലില്ലായ്മ, പെട്രോൾ വില വർധന, പാചകവാതക വില വർധന തുടങ്ങി വിവിധ പ്രശ്നങ്ങൾ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഷയങ്ങളിൽനിന്നും പേടിച്ചോടുന്ന മോദിയെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
दौड़ा दौड़ा भागा भागा सा.. pic.twitter.com/xYXLY5dWdf
— Congress (@INCIndia) October 16, 2022