തിരുവനന്തപുരം: മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക എന്ന് പത്മജ വേണുഗോപാൽ. ‘ജനാധിപത്യമില്ല പാർട്ടിയിൽ എന്ന് പറഞ്ഞു. എന്നാൽ ജനാധിപത്യ രീതിയിൽ ഒരു വോട്ടുപിടുത്തം നടന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അഭിമാനമുണ്ട്. ആര് മോശം എന്നൊന്നും പറയാൻ പറ്റില്ല. രണ്ടുപേരും കോൺഗ്രസുകാരാണ്, രണ്ടുപേരും കഴിവുള്ളവരാണ്. മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക.’ പത്മജ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂർ പ്രതികരിച്ചപ്പോൾ, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാർജുന ഖർഗെയുടെ പ്രതികരണം.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിർന്ന നേതാക്കൾ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത് മടങ്ങി. കോൺഗ്രസിലെ ജനാധിപത്യത്തിൻറെ തെളിവാണിതെന്നും ഐതിഹാസിക മുഹൂർത്തമെന്നും ജയറാം രമേശ് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്ന് പി ചിദംബരവും പ്രതികരിച്ചു.