ദുബൈ: ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെച്ചൊല്ലി അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ പ്രവാസിക്ക് 10,000 ദിര്‍ഹം പിഴ. ദുബൈയിലാണ് സംഭവം. 34 വയസുകാരനായ യൂറോപ്യന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ മര്‍ദനമേറ്റ മറ്റൊരു ഡ്രൈവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള ദിശയില്‍ അല്‍ ഖലീല്‍ സ്ട്രീറ്റിലൂടെ താന്‍ വാഹനം ഓടിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. അനുവദനീയമായ വേഗതയില്‍ റോഡിന്റെ ഇടത്തേ അറ്റത്തെ ലേനിലൂടെയായിരുന്നു യാത്ര. അല്‍പദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ തൊട്ട് മുന്നിലുണ്ടായിരുന്ന വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാനായി ഹെഡ്‍ലൈറ്റ് ഹൈ ബീം ഉപയോഗിച്ച് സിഗ്നല്‍ നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.
തനിക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്നതിനാലും മുന്നിലുണ്ടായിരുന്ന വാഹനം ഫാസ്റ്റ് ലേനില്‍ നിന്ന് മാറാതിരുന്നതിനാലും വലതുവശത്തുള്ള ലേനിലൂടെ സമാന്തരമായി മുന്നോട്ട് നീങ്ങി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാതെ മുന്നിലുള്ള വാഹനവും പെട്ടെന്ന് ലേന്‍ മാറി മുന്നിലെത്തി. തൊട്ടടുത്ത ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുന്നതു വരെ ഇരുവാഹനങ്ങളും ഇത്തരത്തിലാണ് മുന്നോട്ട് നീങ്ങിയത്.
സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി പിന്നിലേക്ക് വന്നു. ഇത് കണ്ട് ഗ്ലാസ് തുറന്ന് സംസാരിക്കാനൊരുങ്ങിയ പരാതിക്കാരന്റെ മുഖത്ത് ശക്തമായി ഇടിച്ചുവെന്നാണ് ആരാപണം. ഇയാളെ പരിശോധിച്ച ഫോറന്‍സിക് സംഘവും ഈ ആരോപണം ശരിവെച്ചു. മര്‍ദനം കാരണമായി പരാതിക്കാരന്റെ ശരീരത്തില്‍ പരിക്കുണ്ടായതായി പരിശോധനയില്‍ കണ്ടെത്തുകയും ചെയ്‍തു. അന്വേഷണത്തിനിടെ ആരോപണ വിധേയനായ ഡ്രൈവറും തന്റെ ഭാഗം ന്യായീകരിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി, മര്‍ദിച്ച ഡ്രൈവറിന് 10,000 ദിര്‍ഹം (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിക്കുകയായിരുന്നു.