മുംബൈ∙ പീഡനത്തിനിരയായ യുവതിയെ കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ വിവാഹം ചെയ്യണമെന്ന ഉപാധിയോടെ പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പീഡനത്തിനിരയായ യുവതി എവിടെയാണെന്ന് അറിയില്ലെന്നും ഒരു വർഷത്തിനുള്ളിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഇരുപത്തിയാറുകാരനായ പ്രതി കോടതിയെ അറിയിച്ചു.
ഇരുപത്തിരണ്ടുകാരിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധം പുലർത്തിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഗർഭിണിയായതോടെ യുവാവ് യുവതിയെ ഉപേക്ഷിച്ചു. ഇതോടെയാണ് പീഡനത്തിനും വഞ്ചനയ്ക്കും 2020 ഫെബ്രുവരിയിൽ കേസ് റജിസ്റ്റർ ചെയ്തത്. 2018 മുതൽ തങ്ങൾ പ്രണയത്തിലാണെന്നും ഇരുവരുടേയും വീട്ടുകാർക്ക് ഇക്കാര്യം അറിയാമെന്നും അവർക്ക് എതിർപ്പില്ലായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. 2019 ൽ ഗർഭിണിയായ വിവരം പറഞ്ഞതോടെയാണ് കാമുകൻ ഒഴിഞ്ഞുമാറാൻ തുടങ്ങിയത്. കുടുംബാംഗങ്ങളെ വിവരം അറിയിക്കാതെ യുവതി വീട് വിട്ടു. 2020ൽ പ്രസവിച്ചു. നവജാത ശിശുവിനെ യുവതി ഉപയോഗശൂന്യമായ കെട്ടിടത്തിന് മുൻപിൽ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ േപരിൽ കുട്ടിയെ ഉപേക്ഷിച്ചതിന് കേസുണ്ട്.
യുവതിയെ വിവാഹം കഴിക്കാമെന്നും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും യുവാവ് കോടതിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും ശിശുവിനെ ദത്തെടുക്കാൻ നൽകിയെന്നും പൊലീസ് അറിയിച്ചു. യുവാവിനോട് 25,000 രൂപ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഭാരതിയ ഡാൻഗ്രെയുടേതാണ് ഉത്തരവ്.