കൊച്ചി ∙ ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ചു നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പകർത്തിയ നടപടിയിൽ കോടതി പ്രതിഭാഗത്തെ താക്കീതു ചെയ്തു. പ്രതികളെ കാണാൻ കോടതി പരിസരത്തു പ്രവേശിച്ച ബന്ധുക്കളാണ് എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പകർത്തിയത്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണു സംഭവം.
കേസിലെ റിമാൻഡ് പ്രതികളായ കരമന അഷ്‌റഫ് മൗലവി, യഹിയ കോയ തങ്ങൾ, അബ്ദുൽ സത്താർ, കെ.മുഹമ്മദ് അലി, സി.ടി.സുലൈമാൻ എന്നിവരെ 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകി.
തുക ഈടാക്കാനുള്ള നടപടികൾ അറിയിക്കണം
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്റെ തുക ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികളിൽ നിന്ന് ഈടാക്കാനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർത്താലിൽ സർക്കാരിനും കെഎസ്ആർടിസിക്കും ഉണ്ടായ നഷ്ടത്തിനു പരിഹാരമായി പോപ്പുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറും 5.20 കോടി രൂപ ആഭ്യന്തര വകുപ്പിൽ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.