കോഴിക്കോട്: കൊടിയത്തൂരിൽ ബസ്സുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂളിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതെന്ന വാർത്ത പുറത്തു വന്നിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരും മോട്ടോർ വാഹന വകുപ്പും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും പ്രദേശ വാസികളുടെയും ആരോപണം. രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്ന് വ്യക്തമായി.
ആഗസ്റ്റിൽ ബസിന്റെ പെർമിറ്റ് അവസാനിച്ചിരുന്നു. ബസിന് പിഴ ഈടാക്കിയെന്ന് മോട്ടോർവാഹന വകുപ്പ് വിശദീകരണം നൽകുന്നുണ്ട്. അതുപോലെ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരുന്നില്ല. സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവം കാണിച്ചു എന്നും മോട്ടോർവാഹന വകുപ്പ് നിരീക്ഷണത്തിൽ പറയുന്നു. ഡ്രൈവറെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അപകടം നടന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്യാഗസ്ഥർ പറയുന്നത്. ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. വാഹനത്തിൻ്റെ ലോഗ് ബുക്ക് ഹാജരാക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.
അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.