നോയിഡ: നോയിഡയിലെ നായയുടെ കടിയേറ്റ ഏഴുമാസം പ്രായമായ കുട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. നോയിഡ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലെ റോഡില്‍ വച്ചാണ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ കുട്ടിയെ നായ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയെ ഉടൻ തന്നെ സെക്ടർ 110 ലെ യഥാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.30 ഓടെ കുട്ടി മരിച്ചു. “ജോലി ചെയ്യുന്നതിനിടയിൽ മാതാപിതാക്കൾ കുട്ടിയെ സമീപത്ത് ഉറക്കി കിടത്തിയിരിക്കുകയായിരുന്നു. ഈ സമയം സൊസൈറ്റിയുടെ ഗേറ്റ് തുറന്നിരുന്നു. അപ്പോൾ ഒരു തെരുവ് നായ പുറത്ത് നിന്ന് വന്ന് കുട്ടിയെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു” – നോയിഡ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് രജനീഷ് വർമ്മ പറഞ്ഞു. നിര്‍മ്മാണ തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും.
നായ ഉടമസ്ഥതയിലല്ലാത്തതിനാൽ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വളർത്തു നായയാണെങ്കിൽ ഉടമയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാമായിരുന്നു. ഇതില്‍ നിയമനടപടി ഉണ്ടാകില്ല. അതേ സമയം തെരുവുനായ ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ, ഗാസിയാബാദിലെ അമ്രപാലി വില്ലേജ് സൊസൈറ്റിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ തെരുവ് നായ കടിച്ചിരുന്നു.അതേ സമയം നോയിഡ സെക്ടര്‍ 100ല്‍ തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ ഇവയെ പിടിക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ ഏജന്‍സി എത്തിയപ്പോള്‍ കുട്ടിയെ നായ കടിച്ച ലോട്ടസ് സൊസേറ്റിയിലെ ആളുകള്‍ ഇവരെ തടഞ്ഞിരുന്നു എന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്