അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ മോശമായി പെരുമാറിയ സ്വകാര്യ സകൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു. യുഎഇയിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപകന്‍ കോടതിയെ സമീപിച്ചു.സോഷ്യല്‍ മീഡിയയിലെ അസാന്മാര്‍ഗിക പെരുമാറ്റമെന്ന ആരോപണം നിഷേധിച്ച അധ്യാപകന്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പറഞ്ഞു. അബുദാബിയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ തന്നെ പിരിച്ചുവിട്ട സ്‌കൂളിനും രണ്ട് ഭരണസമിതി അംഗങ്ങള്‍ക്കും എതിരെയാണ് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയത് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി 501,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് അധ്യാപകന്‍ കേസ് കൊടുത്തത്.
നാലു വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണെന്നും തൊഴില്‍ കരാര്‍ അവസാനിപ്പിച്ചു കൊണ്ട് രണ്ടും മൂന്നും കക്ഷികള്‍ സ്‌കൂളില്‍ നിന്നും തന്നെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് അയച്ചെന്നും ശരിയായ കാരണങ്ങളില്ലാതെയാണ് നടപടിയെന്നും അധ്യാപകന്‍ വിശദമാക്കി. ജോലി ചെയ്യുന്നതില്‍ നിന്നും തടയുകയും സ്‌കൂളിലെ കമ്പ്യൂട്ടര്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകനെ പിരിച്ചുവിട്ട വിവരം സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇതിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും തരംതാഴ്ത്തിയെന്നും ആധ്യാപകന്‍ ആരോപിക്കുന്നു. കൂടാതെ സ്‌കൂള്‍ ഭരണസിമിതി അംഗങ്ങള്‍ തനിക്ക് നേരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും മറ്റൊരു ജോലിക്ക് കയറുന്നതിനുള്ള ശുപാര്‍ശ കത്ത് നല്‍കാന്‍ സ്‌കൂള്‍ തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ടത് ചൂണ്ടിക്കാട്ടി അധ്യാപകന്‍ നേരത്തെ തൊഴില്‍ സംബന്ധമായ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതില്‍ അബുദാബി പ്രാഥമിക കോടതി, സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകന് 58,000 ദിര്‍ഹം നല്‍കണമെന്നും രാജ്യത്ത് നിന്ന് പോകുമ്പോള്‍ എയര്‍ ടിക്കറ്റ് നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.തുടര്‍ന്ന് ഇയാള്‍ അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചു. സോഷ്യല്‍ മീഡിയയില്‍ മോശമായി പെരുമാറിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. അധ്യാപകന്റെ കേസ് കോടതി തള്ളുകയായിരുന്നു. അധ്യാപകന്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു.