തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക ദയാബായ് നടത്തിവരുന്ന സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതംവിവപമ അതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർ ഇടപെട്ടതും ചർച്ച നടത്തിയതും ഉറപ്പുകൾ രേഖാമൂലം നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നത് സര്‍ക്കാരിന്‍റെ സുവ്യക്തമായ നിലപാടാണ്. അതിന്റെ ഭാഗമായ ആനുകൂല്യങ്ങളാണ് സർക്കാർ ദുരിതബാധിതർക്ക് നൽകുന്ന നിലയെടുക്കുന്നത്. അത് തുടരുകയും ചെയ്യും.
ഇവർ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. അതിൽ ഒരാവശ്യം എയിംസുമായി ബന്ധപ്പെട്ടതാണ്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ (മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി) എന്‍റോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മുന്‍ഗണന ഉറപ്പാക്കും. ഇത് ഇപ്പോൾ തന്നെ നിലവിലുള്ളതാണ്. തുടർന്നും ഉറപ്പാക്കും.
കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി പൂര്‍ണ്ണ സജ്ജമാകുമ്പോള്‍ അവിടെയും സമാന സൗകര്യങ്ങള്‍ ഒരുക്കും. ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നത് പരിഗണിക്കും. പകല്‍ പരിചരണ കേന്ദ്രത്തിന്‍റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബഡ്സ് സ്കൂളുകള്‍ പകല്‍ പരിചരണ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കും.
ഇത്രയും കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. നാലാമത്തെ ആവശ്യം എയിംസ് കാസര്‍കോട്ട് വേണം എന്നതാണ്. കോഴികോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൊന്നും അവ്യക്തതകളില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂർണ്ണമായി പാലിക്കും. ഈ സാഹചര്യം മനസ്സിലാക്കി സമരത്തിൽ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.