കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
കൊടിയത്തൂരിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ച തിങ്കളാഴ്ച, തന്നെയാണ് പൂവമ്പായി സ്കൂളിലും അപകടം ഉണ്ടായത്. നാലാം ക്ലാസുകാരൻ ആദിദേവിനാണ് ഗുരുതര പരിക്കേറ്റത്. സ്കൂൾ വിട്ട ശേഷം ബസിൽ കയറുന്നതിനിടെ താഴെ വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റു. ചികിത്സയിലുള്ള കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദീകരണം ഇങ്ങനെ- സ്കൂൾ വിട്ട ശേഷം മറ്റ് കുട്ടികൾക്കൊപ്പം ആദിദേവും ബസ്സിൽ കയറി. ഭിന്നശേഷിയുള്ള കുട്ടിയെ കയറ്റാൻ ബസ്സിലെ സഹായി പുറത്തിറങ്ങി. എന്നാൽ ഈ സമയം ഡ്രൈവർ കാണാതെ ആദിദേവ് ബസിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് പോയി. വാഹനം നീങ്ങിയപ്പോൾ വീണ്ടും ഓടി കയറാൻ ശ്രമിച്ചതാണ് അപകട കാരണമായി എന്നാണ് അധ്യാപകർ പറയുന്നത്.
അതേസമയം, കൊടിയത്തൂരിൽ ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതെന്ന വാർത്ത പുറത്തുവന്നിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരും മോട്ടോർ വാഹന വകുപ്പും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും പ്രദേശ വാസികളുടെയും ആരോപണം. രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്ന് വ്യക്തമായി.