പ്രമേഹ രോഗികള്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് പ്രമേഹ രോഗികള്‍ക്ക് മുട്ട കഴിക്കാമോ എന്നത്. അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ട. കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ മുട്ട കാര്യമായ സ്വാധീനം ചെലുത്തില്ല.
നിത്യവും മുട്ട കഴിക്കുന്നത് പ്രീഡയബറ്റീസോ ടൈപ്പ് 2 പ്രമേഹമോ ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് മെച്ചപ്പെടുത്തുമെന്ന് 2018ല്‍ നടന്ന ഒരു ഗവേഷണ പഠനവും ചൂണ്ടിക്കാട്ടുന്നു. ദിവസം ഒരു മുട്ട വീതം പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു വലിയ മുട്ടയില്‍ 6.25 ഗ്രാം പ്രോട്ടീനും 4.74 ഗ്രാം കൊഴുപ്പും 0.35 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 72 കാലറിയും അടങ്ങിയിരിക്കുന്നു.
മുട്ടയിലെ പ്രോട്ടീന്‍റെ നല്ലൊരു പങ്കും വെള്ളയില്‍നിന്നാണ് ലഭിക്കുന്നത്. അതേസമയം മുട്ടയുടെ മഞ്ഞക്കരുവില്‍ ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ എ, ഡി, ഇ, കെ, ലൂട്ടീന്‍ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ബി-12, അയണ്‍, കോപ്പര്‍, സിങ്ക് പോലുള്ള ധാതുക്കള്‍ എന്നിവയാലും സമ്പന്നമാണ് മുട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന ഘടകമായ കോളൈന്‍ ഓര്‍മശക്തിയെയും മൂഡിനെയും മെച്ചപ്പെടുത്തുകയും ഗര്‍ഭകാലത്ത് ഭ്രൂണത്തിന്‍റെ തലച്ചോറിന്‍റെ വികസനത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യുന്നു.
പുഴുങ്ങിയോ സ്ക്രാംബിള്‍ ചെയ്തോ മുട്ട കഴിക്കാവുന്നതാണ്. ബേക്കണും ചീസും പോലെ ഉയര്‍ന്ന തോതില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ള ഭക്ഷണത്തിനൊപ്പം കഴിക്കുന്നതിനു പകരം അരിഞ്ഞ പച്ചക്കറികള്‍ക്കോ സാലഡിനോ ഒപ്പം മുട്ട കഴിക്കണമെന്നും ഡയറ്റീഷ്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
അതേസമയം മുട്ട കൊളസ്ട്രോള്‍ വർധിപ്പിക്കുമോ എന്ന ആശങ്ക പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകാം. കാരണം ഒരു വലിയ മുട്ടയില്‍ 200 മില്ലിഗ്രാം കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. എന്നാല്‍ മുട്ട കഴിക്കുന്നത് ശരീരത്തിലെ ആകമാന കൊളസ്ട്രോള്‍ തോതിനെ ബാധിക്കില്ലെന്ന് ചില ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ കേക്ക്, കുക്കികള്‍, ബേക്കണ്‍, കാന്‍ഡി, സംസ്കരിച്ച സ്നാക്സ് എന്നിവയെ എല്ലാമാണ് കൊളസ്ട്രോളിന്‍റെ കാര്യത്തില്‍ മുട്ടയേക്കാൾ ഭയക്കേണ്ടതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.